ആശ്വാസം; സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്.387 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 167 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തിയെന്നും നിലവില്‍ 97464 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 522 പേരാണ്.

ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 16,475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരും എട്ടുപേര്‍ വിദേശികളുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 213 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.ആലപ്പുഴയില്‍ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂര്‍ 13, വയനാട് 3, – ഇതാണ് വിവിധ ജില്ലകളില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top