സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കോട്ടയം മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവായ 11 കേസുകളില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണെന്ന് രോഗം ബാധിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കും മെഡിക്കല്‍ കോളജിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്‍മാരില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 127 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ 2,91,50 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ് നീരീക്ഷണത്തിലുള്ളത്.

ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായത് ഒരാള്‍ക്ക് മാത്രമാണ്. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്.

20821 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 19998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Top