തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 265ആയി.
കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,64,130 പേരാണ് സംസ്ഥനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7965 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ധാന്യം വീടുകളില്‍ എത്തിക്കുമെന്നും ക്വാറന്റീനിലുള്ളവര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അവരുടെ ബാങ്കുകളിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരാന്‍ പുരോഗതി ഉണ്ടായിയെന്നും ഇന്ന് 2153 ട്രെക്കുകള്‍ സാധനങ്ങളുമായി എത്തിയെന്നും ആശ്വാസകരമായ നിലയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ റോഡ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്ക് നീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് നമ്മുടെ നിലപാട്. അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസര്‍കോട് മരിച്ചതെന്നും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.