നവകേരള നിര്‍മ്മാണം; സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഈ സമിതിയില്‍ അംഗങ്ങളാകുന്നതാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തില്ലെന്നും വിശ്വാസികളെ തടയരുതെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികള്‍ക്ക് ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. വിശ്വാസികളുടെ വാഹനം തടയരുത്. വാഹനം പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top