സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം, രണ്ടര ലക്ഷത്തോളം പേർ ക്യാംപുകളിൽ . . .

pinarayi vijayan

തിരുവനന്തപുരം: കാലവര്‍ഷം ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാലവര്‍ഷക്കെടുതിയില്‍ ഒമ്പതു ദിവസത്തിനിടെ 164 പേര്‍ മരിച്ചെന്നും 4000 പേരെ എന്‍ ഡി ആര്‍ എഫ് രക്ഷപ്പെടുത്തിയെന്നും സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേര്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ സ്ഥിതി വഷളായ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം തേടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പേരില്‍ മുഖ്യമന്ത്രി റവന്യൂ അഡീഷണല്‍ സെക്രട്ടറിയെ ശാസിക്കുകയും ചെയ്തു.

ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പതിമൂന്നു ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) തുടരും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോട് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) ആണുള്ളത്.

കൂടാതെ, ഇടുക്കി അണക്കെട്ടില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കെഎസ്ഇബി ആലോചിക്കുന്നത്. 2403 അടി എന്ന നിലയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. 2403 അടിയില്‍ എത്തിക്കഴിഞ്ഞാല്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് 17 ലക്ഷം ലിറ്ററാക്കും. നേരത്തെ ഇത് 15 ലക്ഷം ലിറ്ററായിരുന്നു.

Top