തിരുവനന്തപുരം: കരാര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനമായ പിഎസ്സി വഴിയുള്ള സുതാര്യമായ നിയമനങ്ങള്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അവ നികത്തുവാനും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും എന്ന് കൂടി ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി കത്ത് നിര്‍ത്തുന്നത്.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,
14.07.2020 തീയതിയിലെ താങ്കളുടെ കത്ത് കിട്ടി. കത്തില്‍ താങ്കളുടെ പരാമര്‍ശം പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളെപ്പറ്റിയാണ്:
1. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
2. പി.എസ്.സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ മറികടന്ന് ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
3. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ പലരും നിയമനങ്ങള്‍ തരപ്പെടുത്തിയിട്ടുള്ളത്.
4. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് എന്നീ തസ്തികകളിലേക്ക് അടക്കമുള്ള നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റുകളില്‍ നിന്നും പരിമിതമായ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെയും ഉദ്യോഗാര്‍ത്ഥികളുടെയും ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
5. ഉമാദേവി കേസിലുള്ള ബഹു. സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥിരനിയമനങ്ങളും അനധികൃത നിയമനങ്ങളും നടത്തുന്നു.
6. എല്ലാ അനധികൃത കരാര്‍/ ദിവസവേതന നിയമനങ്ങളും അടിയന്തിരമായി റദ്ദാക്കി അവരുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം.
ഇപ്പോഴത്തെ സര്‍ക്കാരിന്റെ വ്യക്തമായ നിലപാട് നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി വഴിയുള്ള സുതാര്യമായ നിയമനങ്ങള്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അവ നികത്തുവാനും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 2015 ജൂണ്‍ 4 ന് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേര്‍ക്കാണ് പി.എസ്.സി നിയമനം നല്‍കിയിട്ടുള്ളത്.
ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി, ഹൗസിംഗ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കമ്ബനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും നിയമന ചട്ടം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. നിയമന-പ്രൊമോഷന്‍ കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഇവിടെ എല്ലാ വിവരങ്ങളും പ്രത്യേകം പ്രതിപാദിക്കുന്നില്ല. (വിശദവിവരങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷനില്‍ നിന്നും ലഭ്യമാകുന്നതാണ്.)
സംസ്ഥാന ബജറ്റ് രേഖകളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ വരുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ സംക്ഷിപ്ത കണക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. താഴെ കാണുന്ന പട്ടികയില്‍ പ്രസക്തമായ കണക്കുകള്‍ ഉദ്ധരിക്കുകയാണ്.