വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്: പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കൊവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും.

ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്.
പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയാറാക്കാനുള്ള പ്രഖ്യാപനവും സവിശേഷതയുള്ളതാണ്.

 

Top