ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വിളിച്ച ചര്‍ച്ചയില്‍ നിന്നു തന്ത്രി കുടുംബം പിന്‍മാറിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച മതിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്ത ശേഷം ചര്‍ച്ച മതിയെന്നാണ് താഴമണ്‍ കുടുംബം എടുത്തിരിക്കുന്ന തീരുമാനം. രാജകുടുംബത്തിന്റെയും എന്‍എസ്എസിന്റെയും അഭിപ്രായം തേടിയ ശേഷമാണു തന്ത്രി കുടുംബം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ശബരിമലയില്‍ വനിതാ പൊലീസിനെ കയറ്റുന്നത് ആചാര ലംഘനമാണെന്നും തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ രാജകുടുംബം തിങ്കളാഴ്ച പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.