കേരളത്തിൽ കൂടുതൽ പുതിയകാല കോഴ്‌സുകൾ ആരംഭിക്കുകയെന്നത് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

കൊല്ലം : കേരളത്തിൽ കൂടുതൽ പുതിയകാല കോഴ്‌സുകൾ ആരംഭിക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ഉയരങ്ങളിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. 2016-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഈ നാൾ വരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1,278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47,200-ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. കൊല്ലത്ത് നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘വികസനം എല്ലാവരിലേക്കുമെത്തിക്കുകയാണ് സർക്കാർ പ്രവർത്തനങ്ങളുടെ കാതൽ. അതു തുടർപ്രക്രിയയാക്കി മാറ്റുന്നതിനാണ് ജനാഭിപ്രായം തേടുന്നത്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികൾക്ക് പ്രവേശനം നേടാൻ രക്ഷിതാക്കൾ മത്സരിക്കുന്ന അവസ്ഥയിലേയ്ക്ക് കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ നമുക്കായി. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണിത്.

തീരദേശ മേഖലയുടെ ഉന്നമനത്തിനായി തുടര്‍പ്രവര്‍ത്തനങ്ങള്‍ സർക്കാർ നടപ്പാക്കും. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും കാഷ്യു ബോർഡ്‌ രൂപീകരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തു.

ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 17,000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 175 കോടി ചെലവഴിക്കും. കാഷ്യു ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വര്‍ഷങ്ങളില്‍ 30,000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’’– മുഖ്യമന്ത്രി പറഞ്ഞു.

Top