‘നൂതന സാങ്കേതിക വിദ്യയില്‍ രാജ്യത്തിന് എന്നും വഴികാട്ടി ആണ് കേരളം’; മുഖ്യമന്ത്രി

എറണാകുളം: നൂതന സാങ്കേതിക വിദ്യയില്‍ രാജ്യത്തിന് എന്നും വഴികാട്ടി ആണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നത്.

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോണ്‍ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതും എം-സേവനം എന്ന പേരില്‍ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതില്‍ നമുക്ക് നല്ലരീതിയില്‍ കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ്. ആ നിരയിലെ മറ്റൊരു മുന്‍കൈയാണ് കെ-സ്മാര്‍ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോണ്‍ പദ്ധതി നാട്ടില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

ജനങ്ങള്‍ക്ക് പ്രയാസം ഇല്ലാതെ സേവനങ്ങള്‍ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ ഒറ്റത്തവണ തന്നെ പറയാനാകണം. അപേക്ഷകര്‍ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതില്‍ പരിഹാരം കാണാനാകും.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓണ്‍ലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോള്‍ ഓണ്‍ലൈനായി അറിയാന്‍ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയെന്നും മനസ്സിലാക്കാന്‍ കഴിയും.

ആരോഗ്യരംഗത്തും ഇ-ഗവേര്‍ണന്‍സിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെല്‍ത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഒരാള്‍ക്ക് ഒരു ഹെല്‍ത്ത് കാര്‍ഡ്, ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റ്, ടെലി മെഡിസിന്‍ സംവിധാനം എന്നിവ ഇ-ഹെല്‍ത്ത് മുഖേന നടപ്പാക്കും. 509 ആശുപത്രികളില്‍ ഇത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ വൈകാതെ തന്നെ ഈ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top