യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ കൂടുതല്‍ സേവനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി കൂടുതല്‍ സേവനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതി തയ്യാറായതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴിക കല്ലായി മാറിയ കൊച്ചി മെട്രോ ഓടിത്തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തിന്റെ പൊതു ഗതാഗത സംവിധാനത്തില്‍ പുത്തന്‍ അനുഭവം സമ്മാനിച്ചാണ് മെട്രോ ആദ്യവര്‍ഷം പിന്നിടുന്നത്. ആലുവ – പാലാരിവട്ടം റൂട്ടിലായിരുന്നു തുടക്കം. ഏറെ കഴിയും മുമ്പ് മഹാരാജാസ് വരെ നീട്ടി.പേട്ട വരെയുള്ള ജോലി ഇപ്പോള്‍ അതിവേഗം പുരോഗമിക്കുന്നു. മെട്രോ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിയും തയ്യാറായി.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ആശാവഹമായ പുരോഗതി ആദ്യവര്‍ഷം തന്നെ ഉണ്ടാക്കാനായി എന്നതാണ് നേട്ടം. ഇരുപതിനായിരം യാത്രക്കാരായിരുന്നു ആദ്യദിവസങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ശരാശരി നാല്‍പ്പതിനായിരമായി ഉയര്‍ന്നു. അവധി ദിനങ്ങളില്‍ ശരാശരി അറുപതിനായിരം യാത്രക്കാര്‍ വരെ മെട്രോയില്‍ യാത്രചെയ്യുന്നുണ്ട്. ആദ്യ മാസങ്ങളിലെ ആറു കോടി രൂപയുടെ നഷ്ടം ഒരു വര്‍ഷമാകുമ്പോഴേക്കും മൂന്നു കോടിയായി കുറച്ചു കൊണ്ടുവരാന്‍ ആയതും ആശാവഹമാണ്. രണ്ടാംവര്‍ഷത്തിലേക്ക് ക‌ടക്കുമ്പോള്‍ യാത്രക്കാര്‍ക്കാര്‍ക്കായി കൂടുതല്‍ സേവനം മെട്രോ ഒരുക്കും.

പൊതു ഗതാഗത സംവിധാനത്തിലെ മികച്ച മാതൃകയായി മെട്രോയെ മാറ്റി തീര്‍ക്കാന്‍ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന എല്ലാവിഭാഗത്തേയും പിറന്നാള്‍ ദിനത്തില്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

Top