പണിമുടക്കുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയില്ല

തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയില്ല. സാധാരണ ഒമ്പത് മണിയോടെ സെക്രട്ടേറിയറ്റിലെത്താറുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പത്ത് മണിയായിട്ടും ഓഫീസുകളിലെത്തിയിട്ടില്ല. വകുപ്പുതല സെക്രട്ടറിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയേക്കില്ല.

സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് ഹാജര്‍ നില കുറവാണ്. ഇന്നത്തെ ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാകും നോക്കുക എന്നാണ് സൂചന. ഉച്ചയോടെ മാത്രമേ ഓഫീസുകളിലെ ഹാജര്‍ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടൂ.

അതേസമയം മിഠായിത്തെരുവില്‍ ഇന്ന് കടകള്‍ തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികള്‍ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ കനത്ത പൊലീസ് സുരക്ഷയിലാണ് മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top