വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാവാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും ബിജെപിക്കാരുടെയും വിമര്‍ശനങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാറിന് പ്രയാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാവാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും, മുന്‍കരുതില്‍ ഇല്ലാതെ ഡാം തുറന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം ശരിയല്ലെന്നും, അദ്ദേഹത്തിനുള്ള മറുപടി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍കരുതലില്ലാതെ ഡാം തുറന്നെന്ന ആരോപണം ശരിയല്ലെന്നും കാര്യങ്ങള്‍ അന്വേഷിച്ച ശേഷം പ്രതികരിച്ചിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെയൊരു പിശക് പറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടം വേണ്ടതെല്ലാം ചെയ്തുവെന്ന് നേരത്തെ പറഞ്ഞ ആളാണ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഇക്കൊല്ലം ലഭിച്ചത് 164% അധിക മഴയാണ്, ഡാമുകളില്ലാത്ത മീനച്ചലാറ് കരകവിഞ്ഞ് പാലായിലും വെള്ളപ്പൊക്കമുണ്ടായെന്നും, എല്ലാ മുന്നറിയിപ്പും നല്‍കി തന്നെയാണ് ഡാമുകള്‍ തുറന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഡാമുകള്‍ ഒന്നിച്ച് തുറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാജു എബ്രഹാം എംഎല്‍എയും പ്രതിപക്ഷവും പറഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും വിമര്‍ശനമുയര്‍ന്നതായും കാണുന്നുണ്ട്. പ്രധാന വാദഗതികള്‍ പരിശോധിച്ചാല്‍ എന്താണ് യഥാര്‍ത്ഥ വസ്തുതയെന്ന് തന്നെ വ്യക്തമാകും. വിമര്‍ശനത്തെ നേരിടുന്നതിന് സര്‍ക്കാരിന് വലിയ പ്രശ്‌നമില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടാകണം. വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാകരുത്. അങ്ങനെയാകാതിരിക്കാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും പിണറായി വ്യക്തമാക്കി.

എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കൈക്കൊണ്ടുകഴിഞ്ഞെന്ന് ഓഗസ്റ്റ് 14ന് രാത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ രമേശാണ് ഇന്ന് ഇങ്ങനെ പറയുന്നതെന്നും പിണറായി പറഞ്ഞു.

മനുഷ്യനിര്‍മ്മിതമായ ദുരന്തമാണ് ഇപ്പോഴത്തേത് എന്നു പറയുന്നു. ഇപ്പോഴുണ്ടായിരുന്നതിനേക്കാള്‍ വലിയ മഴയാണ് 1924 ല്‍ ഉണ്ടായത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. 2018 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 9 വരെ കിട്ടിയത് 2200 മി മീറ്റര്‍മഴയാണ്. 1924 ല്‍ 3300 അടുത്ത് മഴപെയ്തിരുന്നു. ഇത് സത്യമാണെന്ന് തോന്നും. പക്ഷെ തെറ്റിദ്ധരിപ്പിക്കലാണ്. ഒരു വര്‍ഷത്തില്‍ ആകെയായി കിട്ടിയ കണക്കാണിത്. 3368 മി.ലിറ്റര്‍ എന്നത്. ഇപ്പോഴത്തേത് ഈ സീസണിലെ മഴയെ വര്‍ഷത്തെ മഴയുമായി താരതമ്യപ്പെടുത്തി കുഴപ്പമുണ്ടാക്കുന്നു. ഇതില്‍ എന്തര്‍ത്ഥമാണുള്ളത്. ഇനി പ്രതിപക്ഷ നേതാവിന്റെ കണക്കുതന്നെ അംഗീകരിച്ചാല്‍ ഈ സീസണില്‍ ഇവിടെ പെയ്ത മഴയുമായി 800 മില്ലീ ലിറ്ററിന്റെ വ്യത്യാസമേയുള്ള അന്ന് ഒരു ഡാമേയുള്ളു ഇന്ന് 42 മേജര്‍ ഡാമുകളടക്കം 88 ഡാമുകള്‍ കേരളത്തിലുണ്ട്. ഇവയെയെല്ലാം ഫലപ്രദമായി മാനേജ് ചെയ്യാന്‍ കഴിഞ്ഞു. ചെറിയ സമയം കൊണ്ട് വലിയ അളവില്‍ വെള്ളമെത്തിയ മഴയായിരുന്നു ഇന്നത്തേത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Top