തിരുവനന്തപുരം : ‘മീശ’ നോവലിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ എഴുത്തുകാരനായ എസ്.ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഹരീഷ് എഴുത്തുപേക്ഷിക്കരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ സാഹിത്യകാരനൊപ്പമുണ്ട്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തികൊണ്ട് മറികടക്കണം. വിവാദങ്ങളില്‍ അസ്വസ്ഥനാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.