മുഖ്യമന്ത്രിയും ധനമന്ത്രിയും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും വ്യക്തിപരമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്.

ദുരുദ്ദേശ്യപരമായ അപകീര്‍ത്തി പ്രചാരണത്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാനത്ത് വികസനത്തിന്റെ ചിറക് അരിയുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരന്‍ പിള്ള സംസ്ഥാന വികസനം തടയാന്‍ ശ്രമിക്കുന്ന സാഡിസ്റ്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.

കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപണം ഉന്നയിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Top