ഇങ്ങനെയൊരു കുരുക്കില്‍പ്പെടുമെന്ന് സ്വപ്നത്തില്‍ പോലും മമതയും കോണ്‍ഗ്രസ്സും ചിന്തിച്ചിട്ടുണ്ടാകില്ല.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി അയച്ച കത്താണ് തൃണമൂലിനേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കിയിരിക്കുന്നത്.
നിയമം പിന്‍വലിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ കേരള നിയമസഭ ചെയ്തതുപോലെ പ്രതികരിക്കണമെന്നതാണ് പിണറായിയുടെ ആവശ്യം.
ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നിരിക്കുകയാണിപ്പോള്‍ മമതയും കോണ്‍ഗ്രസ്സും. മമതയുടെയും കോണ്‍ഗ്രസ്സിന്റെയും ന്യൂനപക്ഷ സ്‌നേഹമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്ര, പുതുച്ചേരി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയാലും ഇല്ലങ്കിലും നേട്ടം പിണറായിക്കും ഇടതുപക്ഷത്തിനും മാത്രമാണ്.
പ്രമേയം പാസാക്കിയില്ലങ്കില്‍ ചോദ്യം ചെയ്യപ്പെടുക കോണ്‍ഗ്രസ്സിന്റെയും മമതയുടെയും നിലപാടുകളിലെ പൊള്ളത്തരമാണ്. ഇനി പ്രമേയം പാസാക്കുകയാണെങ്കില്‍ അതിന്റെ ക്രഡിറ്റ് പിണറായിക്കാണ് വന്നു ചേരുക.
കേന്ദ്രം സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിടുമെന്ന ഭയമാണ് പല സംസ്ഥാനങ്ങളെയും പ്രമേയത്തില്‍ നിന്നും പിറകോട്ടടുപ്പിക്കുന്നത്.
വീരശൂര പരാക്രമിയായ മമത പോലും ഭരണം നഷ്ടപ്പെടുത്തിയുള്ള കളിക്ക് തയ്യാറല്ല. അക്കാര്യമിപ്പോള്‍ എന്തായാലും വ്യക്തമായിട്ടുണ്ട്.
ഭരണഘടനയുടെ 14, 15 അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് മുഖ്യമന്ത്രി പിണറായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ശരിയായ അഭിപ്രായം സ്വരൂപിച്ച് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാന്‍ നിയമസഭക്ക് ബാധ്യതയുണ്ടെന്നാണ് സ്പീക്കറും ചൂണ്ടിക്കാട്ടുന്നത്.
ഇതൊന്നും പാടില്ലന്ന് പറയുന്നത് തന്നെ ഫെഡറലിസത്തിന് എതിരാണെന്ന നിലപാടിലാണ് പിണറായി സര്‍ക്കാര്‍.
മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി എം.പി രാജ്യസഭയില്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിനെ നേരിടാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു സഭയുടെ മുകളില്‍ മറ്റൊരു സഭയ്ക്ക് അധികാരമില്ലന്ന നിലപാടിലാണ് സി.പി.എമ്മും ഉറച്ച് നില്‍ക്കുന്നത്.
പൗരത്വ നിയമത്തില്‍ വ്യക്തവും ശക്തവുമായ നിലപാട് ഇടതുപക്ഷം സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ്സും മമതയും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
ഇക്കാര്യത്തില്‍ ഒരു വ്യക്തത രണ്ട് വിഭാഗത്തിനും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ന്യൂനപക്ഷങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില ‘നാടകങ്ങള്‍’ കളിക്കുകയല്ലാതെ ഗൗരവമായ ഒരു സമീപനം ഇവരാരും സ്വീകരിക്കുന്നില്ല.
ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികാരം നിയമസഭ ചേര്‍ന്ന് അറിയിക്കാന്‍ കഴിയാത്തവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.
എന്‍.ആര്‍.സി നടപ്പിലാക്കില്ലന്ന് വ്യക്തമാക്കിയത് 12 മുഖ്യമന്ത്രിമാരാണ്. എന്‍.പി.ആര്‍ നിര്‍ത്തിവയ്ക്കണമെന്ന സി.പി.എം നിര്‍ദേശം മമതയ്ക്കും കോണ്‍ഗ്രസ്സിനുമുള്ള പ്രഹരം കൂടിയാണ്. മാധ്യമങ്ങളിലൂടെയുള്ള ഡയലോഗല്ലാതെ ഇതിനെതിരെ ഒരു നടപടിയും ഇവരാരും ഇതുവരെ സ്വീകരിച്ചിട്ടില്ല.
എന്‍.പി.ആര്‍ എന്നാല്‍ എന്‍.ആര്‍.സിയാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം ആഞ്ഞടിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. മോദി സര്‍ക്കാര്‍ നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നാണ് യെച്ചൂരിയുടെ ആരോപണം.
എന്‍.ആര്‍.സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന രേഖയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്നാണ് യെച്ചൂരി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം രാജ്യസഭയില്‍ രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവച്ച കാര്യം മുഖമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ പിണറായിയും വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്ററില്‍ കടുത്ത ആശങ്കയറിയിച്ച അദ്ദേഹം ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കേരള മുഖ്യമന്ത്രിയുടെ ഈ കത്തും നിയമസഭ പാസാക്കിയ പ്രമേയവും ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലന്ന് പ്രഖ്യാപിച്ച മറ്റു സര്‍ക്കാറുകളുടെ ഉദ്യേശ ശുദ്ധിയും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
പശ്ചിമബംഗാളില്‍ തെരുവിലിറങ്ങി റാലി നടത്തിയ മമതയോട് അവിടുത്തെ സി.പി.എം നേതൃത്വം കേരളത്തെ കണ്ട് പഠിക്കാനാണ് ഉപദേശിച്ചിരിക്കുന്നത്. വൈകാരികമായ പ്രസംഗമല്ല, നടപടികളാണ് വേണ്ടതെന്ന അഭിപ്രായമാണ് ചെമ്പട ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസ്സിന്റെ അവസ്ഥയും ഇപ്പോള്‍ ഏറെ പരിതാപകരമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ ഒറ്റയ്ക്കും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ സഖ്യമായും കോണ്‍ഗ്രസ്സ് ഭരണത്തിലാണുള്ളത്.
ഇതില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിയമസഭ വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കിക്കാന്‍ പോലും കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്തുകൊണ്ടാണ് അതിന് കോണ്‍ഗ്രസ് തയ്യാറാകാത്തത് എന്ന ചോദ്യം പിണറായിയുടെ കത്തോടെ വീണ്ടുമിപ്പോള്‍ സജീവമായിരിക്കുകയാണ്. ഇതിപ്പോള്‍ കേരളത്തിലെ യു.ഡി.എഫിനെയാണ് വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കേരളത്തില്‍ പ്രമേയത്തെ പിന്തുണച്ച കാര്യം ചൂണ്ടിക്കാട്ടി മാത്രം യുഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ കഴിയുകയില്ല. പിണറായി സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തപ്പോള്‍ കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിതമായി എന്നതാണ് യാഥാര്‍ത്ഥ്യം.
സംഘടനാപരമായ നിലപാട് ഉറച്ചതാണെങ്കില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മാതൃക കാട്ടാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണമായിരുന്നു. പിണറായി കത്തയക്കും വരെ എന്തായാലും അതുണ്ടായിട്ടില്ല.
മുസ്ലീം ലീഗും ഇതോടെ ശരിക്കും വെട്ടിലായിട്ടുണ്ട്. ലീഗ് അണികള്‍ തന്നെ നേതൃത്വത്തോട് ഇക്കാര്യമിപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
തങ്ങളുടെ ആശങ്ക ലീഗ് നേതൃത്വം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അവരും കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ തന്നെ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രണ്ടഭിപ്രായമാണ് നിലവിലുള്ളത്.
പ്രക്ഷോഭത്തില്‍ പോലും പേരിന് മാത്രമാണ് കോണ്‍ഗ്രസ്സ് പങ്കെടുക്കുന്നത്. കേരളത്തില്‍ അവര്‍ പ്രതിഷേധം തുടങ്ങിയത് തന്നെ ഇടതുപക്ഷം ‘കളം’ പിടിച്ചത് കണ്ടതോടെയാണ്.
സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും സംഘടിപ്പിച്ച പ്രതിഷേധത്തില്‍ യു.ഡി.എഫ് അനുഭാവികള്‍ പോലും പങ്കെടുത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് രംഗത്തിറങ്ങിയിരുന്നത്.
കോണ്‍ഗ്രസ്സും ലീഗും പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടലിനു മുന്നില്‍ ഈ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ നിഷ്പ്രഭമായിപ്പോയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ക്കപ്പുറം ഒരു നിലപാട് യുഡിഎഫിന് പോലും മുന്നോട്ടുവെക്കാനുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരള മോഡലില്‍ പ്രമേയം പാസാക്കിയില്ലങ്കില്‍ ‘പണി’ പാളുമെന്ന മുന്നറിയിപ്പ് കെ.പി.സി.സി നേതൃത്വവും ഇതിനകം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പും കുട്ടനാട് ഉപതിരഞ്ഞെടുപ്പും വരാനിരിക്കെ തങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കരുതെന്നാണ് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളില്‍ ചുവപ്പിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്നാണ് പ്രാദേശിക ലീഗ് നേതൃത്വങ്ങളും പാണക്കാട്ട് അറിയിച്ചിരിക്കുന്നത്.
സ്വന്തം നിലക്ക് എന്ത് ചെയ്തു എന്ന ചോദ്യത്തിനു മുന്നില്‍ സംയുക്തമായി മുസ്ലീം സംഘടനകള്‍ നടത്തിയ റാലി മാത്രമാണ് ലീഗ് നേതൃത്വത്തിന് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ ഈ റാലിയില്‍ പങ്കെടുത്തവരില്‍ തന്നെ ഭൂരിപക്ഷവും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതാണ് ശരിയായ പ്രതിഷേധമെന്ന നിലപാടുകാരാണ്.
നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത കമ്യൂണിസ്റ്റുകളോടാണ് ന്യൂനപക്ഷങ്ങള്‍ക്കിടയിലിപ്പോള്‍ വ്യാപകമായി ആഭിമുഖ്യം കൂടിവരുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമ്പോള്‍ തന്നെ തീവ്ര മതസംഘടനകളെയും ഒറ്റപ്പെടുത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളുടെ സമരങ്ങളെ പിന്തുണയ്ക്കുന്ന പ്രശ്‌നമേയില്ലന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയും എന്ന കാഴ്ചപ്പാടിലാണ് സംസ്ഥാന സര്‍ക്കാറും ഇപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്.
Political Reporter