കടകംപള്ളിക്കു ചൈന യാത്രാവിലക്ക്: മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

ന്യൂഡല്‍ഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാന മന്ത്രിക്ക് അനുമതി നിഷേധിച്ചത് നിരാശാജനകമാണെന്നും മുഖ്യമന്ത്രി മോദിക്കുള്ള കത്തില്‍ പറയുന്നു.

യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയിരുന്നത്. എന്നാല്‍ കാരണം ബോധിപ്പിക്കാതെ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍ നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. ഇന്ത്യയില്‍ നിന്നു പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക മന്ത്രിയും കടകംപള്ളിയാണ്. ബാക്കിയുള്ളവര്‍ ഉദ്യോഗസ്ഥ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

അതേസമയം അനുമതി നിഷേധത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ചൈന സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയതിനു പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിക്ക് യാത്രാനുമതി നിഷേധിക്കുന്നത്.

Top