തമിഴകത്ത് സൂപ്പർ ‘താരമായി’ പിണറായി, കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ

സിനിമാ പ്രവര്‍ത്തകരെ നെഞ്ചേറ്റുന്ന ജനതയാണ് തമിഴകത്തുള്ളത്. അതു കൊണ്ടാണ് എം.ജി രാമചന്ദ്രനും ജയലളിതയ്ക്കുമെല്ലാം മുഖ്യമന്ത്രിമാരാവാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ രജനിയും കമലും വിജയിയും എല്ലാം ആ കസേര നോട്ടമിടുന്നതും ജനങ്ങളുടെ ഈ ഒരു പരിഗണനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്.

സിനിമയും രാഷ്ട്രീയവും പരസ്പരം ഇടകലര്‍ന്ന തമിഴക മണ്ണിലും സൂപ്പര്‍ ഹീറോ ആയിരിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എ.ആര്‍ മുരുഗദോസ് ട്വിറ്ററിലിട്ട ഒരു ഫോട്ടോയും കമന്റുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്.

ഇരു കൈകളുമില്ലാത്ത പ്രണവിന്റെ കാല്‍ പിടിച്ച് പിണറായി ‘ഹസ്തദാനം’ നല്‍കുന്ന ചിത്രമാണ് മുരുഗദോസിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

what a man എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിമാരുടെ കാല് പിടിക്കുന്ന മന്ത്രിമാരെയും എം.എല്‍.എമാരെയുമടക്കം കണ്ട് പരിചയിച്ച മുരുഗദോസിനെ സംബന്ധിച്ച് ഇതൊരു വേറിട്ട കാഴ്ച തന്നെയായിരുന്നു.

പുറമെ കര്‍ക്കശക്കാരനും പരുക്കനുമെന്ന ഇമേജുള്ള കേരള മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു നടപടി ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്ന സന്ദേശം കൂടി ഈ ചിത്രം വഴി പിണറായി നല്‍കുന്നുണ്ടെന്നാണ് മുരുഗദോസ് ചൂണ്ടിക്കാട്ടുന്നത്. തമിഴകത്തെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് എ.ആര്‍ മുരുഗദോസ്.

ദളപതി വിജയ് യുടെ സൂപ്പര്‍ ഹിറ്റ് സിനിമകളായ തുപ്പാക്കി,കത്തി, സര്‍ക്കാര്‍ എന്നിവയുടെ സംവിധായകനാണ് അദ്ദേഹം. സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജനിയിലൂടെയാണ് തമിഴകത്തെ നമ്പര്‍ വണ്‍ സംവിധായക നിരയിലേക്ക് ഈ കുറിയ മനുഷ്യന്‍ എത്തിയിരുന്നത്.

ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാകട്ടെ രജനികാന്ത് നായകനായ ദര്‍ബാറാണ്. തെന്നിന്ത്യ മാത്രമല്ല, ബോളിവുഡും ആകാംക്ഷയോടെയാണ് ഈ ബ്രഹ്മാണ്ഡ സിനിമയെ ഉറ്റുനോക്കുന്നത്.

കര്‍ഷകരുടെ കണ്ണീരിന്റെ കഥ പറഞ്ഞ ‘കത്തി’ സിനിമയില്‍ കമ്യൂണിസത്തിന്റെ പ്രസക്തിയും മുരുഗദോസ് മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അനുദിനം പുതിയ സംവിധായകര്‍ പിറവിയെടുക്കുന്ന തമിഴകത്ത് ഇപ്പോഴും ശങ്കറിനൊപ്പം ഒന്നാം സ്ഥാനം പങ്കിടാന്‍ കഴിയുന്നത് മുരുഗദോസിന്റെ പ്രതിഭയെ ആണ് സൂചിപ്പിക്കുന്നത്. ഈ സൂപ്പര്‍ സംവിധായകന്റെ മനസ്സിനെ സ്പര്‍ശിച്ച പിണറായിയുടെ ഫോട്ടോ തമിഴക മനസ്സിനെയും ഇതിനകം സ്വാധീനിച്ചു കഴിഞ്ഞു. നിരവധി സൂപ്പര്‍ താരങ്ങളാണ് മുരുഗദോസിനെ വിളിച്ച് ഈ ഫോട്ടോക്കിട്ട അടിക്കുറുപ്പിനെ പുകഴ്ത്തിയിരിക്കുന്നത്. തമിഴക ഭരണാധികാരികള്‍ ഈ മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന അഭിപ്രായങ്ങള്‍ വരെ സോഷ്യല്‍ മീഡിയകളിലിപ്പോള്‍ സജീവമാണ്.

തമിഴ് സൂപ്പര്‍ താരം സൂര്യ, വിജയ് സേതുപതി, സത്യരാജ്, നടി ലക്ഷ്മി ഗോപാലസ്വാമി എന്നിവരും മുന്‍പ് പിണറായിയുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട മറുനാട്ടിലെ താരങ്ങളാണ്.

സിങ്കം 3 യുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയ സൂര്യ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് പിണറായിയെ മുമ്പ് പരിചയപ്പെട്ടിരുന്നത്.

ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് പിണറായി തന്നെ കണ്ടെതെന്നാണ് സൂര്യ ഇതു സംബന്ധമായി പ്രതികരിച്ചിരുന്നത്.

ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്രയും സിംപിളാകാന്‍ കഴിയുമെന്ന് താന്‍ അത്ഭുതപ്പെട്ടുപ്പോയെന്നും താരം പ്രതികരിച്ചിരുന്നു.

സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞ് വച്ച് വി.വി.ഐ.പികളെ ആദ്യം പുറത്ത് വിടുകയാണ് പതിവ്. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങിയാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും സൂര്യ വെളിപ്പെടുത്തുകയുണ്ടായി.

താന്‍ പിണറായിയുടെ കടുത്ത ആരാധകനാണെന്ന് തുറന്ന് പറഞ്ഞ താരവും തമിഴകത്ത് നിന്നുതന്നെയുള്ളതാണ്. മക്കള്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതിയാണ് ഈ സൂപ്പര്‍ താരം.ശബരിമല വിഷയത്തില്‍ പിണറായിയുടെ നിലപാടിന് കട്ട സപ്പോര്‍ട്ടാണ് പരസ്യമായി വിജയ് സേതുപതി നല്‍കിയിരുന്നത്.

ഒരു പടികൂടി കടന്നു കയറിയ പ്രതികരണമാണ് നടന്‍ സത്യരാജും പിണറായിയെ കുറിച്ച് നടത്തിയിരുന്നത്. ആദര്‍ശ ധീരനാണ് പിണറായിയെന്നും തമിഴകത്തും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

തമിഴ് സിനിമാരംഗത്ത് നിന്നും രാഷ്ട്രിയത്തില്‍ എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയാവുക മാത്രമാണ് ലക്ഷ്യമെന്നും സത്യരാജ് വിമര്‍ശിച്ചിരുന്നു.

ഏറ്റവും സാധാരണക്കാരനും സൗമ്യനുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്നാണ് നടി ലക്ഷ്മി ഗോപാല സ്വാമി നേരത്തെ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നത്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ദളപതി വിജയ് യും പിണറായിയുടെ ഒരു ആരാധകനാണ്. മെര്‍സല്‍ എന്ന വിജയ് സിനിമയില്‍ സ്വകാര്യ ഹോസ്പിറ്റലുകളുടെ ചൂഷണം കൂടിയായിരുന്നു തുറന്ന് കാട്ടിയിരുന്നത്.

അപകടമുണ്ടായ ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടും പണമടക്കാത്തതിനാല്‍ പെണ്‍കുട്ടി മരണമടഞ്ഞ രംഗം ആരുടെയും കരളലയിക്കുന്നതായിരുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ നമുക്ക് മുന്നില്‍ സംഭവിക്കുന്നത് തന്നെയാണ് സിനിമയിലൂടെ ദൃശ്യവല്‍ക്കരിച്ചിരുന്നത്.

ആശുപത്രി മാഫിയക്കെതിരായ ഒരു ചെറുത്ത് നില്‍പ്പ് കൂടിയായിരുന്നു മെര്‍സല്‍. ഈ സിനിമ കണ്ട പ്രേക്ഷകര്‍ എന്താണോ ആഗ്രഹിച്ചത് അത് നടപ്പാക്കിയതും പിണറായി സര്‍ക്കാറായിരുന്നു.

റോഡ് അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സ ചിലവ് ഏറ്റെടുത്ത കേരള സര്‍ക്കാര്‍ നടപടിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. 48 മണിക്കൂര്‍ നേരമാണ് ഈ സഹായം ലഭ്യമാക്കിയിരുന്നത്. ഈ തീരുമാനത്തെ അഭിനന്ദിച്ച് വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ തന്നെ പിന്നീട് രംഗത്ത് വരികയുണ്ടായി.

കേരളത്തില്‍ ധിക്കാരിയായ മുഖ്യമന്ത്രിയെന്ന പട്ടം എതിരാളികള്‍ പിണറായിക്ക് ചാര്‍ത്തി കൊടുക്കുമ്പോഴും സൂപ്പര്‍ താരപ്പട്ടമാണ് തമിഴകം പിണറായിക്കിപ്പോള്‍ നല്‍കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംവിധായകന്‍ മുരുഗദോസിന്റെ പ്രതികരണം.

ജനങ്ങള്‍ അടിമകളും തങ്ങള്‍ യജമാന്‍മാരും ആണെന്ന് ധരിക്കുന്ന ഭരണകൂടങ്ങളെ കണ്ട് പരിചയിച്ച കണ്ണുകള്‍ക്ക് പിണറായിയും ചുവപ്പു രാഷ്ട്രീയവും ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ്.

Staff Reporter

Top