പൗരത്വ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കും, യോജിച്ച പ്രക്ഷോഭം നടക്കും; പിണറായി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്താന്‍ ഉദ്ദേശിക്കുന്ന യോജിച്ച പ്രക്ഷോഭത്തിന്റെ പാതകള്‍ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭേദമന്യേ കേരള നിയമസഭ ഈ നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി. യോജിച്ച പ്രക്ഷോഭത്തിനും തീരുമാനിച്ചു.

പക്ഷെ ചില സങ്കുചിത മനസുള്ളവര്‍ യോജിച്ച സമരത്തെ എതിര്‍ത്ത് മുന്നോട്ട് വന്നു. ആ എതിര്‍പ്പില്‍ പ്രതിപക്ഷനേതാവ് മുങ്ങിപ്പോയി. അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും ഗൂഢലക്ഷ്യത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ടാക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ കണക്കെടുപ്പ് നടത്തുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ വ്യാകുലരാകേണ്ടതില്ലെന്നും ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഒന്നും തന്നെയില്ല. പുതിയ പൗരത്വ നിയമത്തില്‍ ആര്‍എസ്എസിന് ചില അജന്‍ഡകളുണ്ട്. നിയമം അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top