കേരളം ഇപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ‘അഥിതി തൊഴിലാളികളായി’ കണ്ട് അവര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കിയിരിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. രാജ്യത്ത് ഇത് ആദ്യമായാണ് ആധുനിക സൗകര്യങ്ങളോട് കൂടി തൊഴിലാളികള്‍ക്ക് മാത്രമായി ഒരു താമസ സൗകര്യം നിലവില്‍ വരുന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പാലക്കാട് എത്തിയിരുന്നു.
8.5 കോടി രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ‘അപ്നാ ഘര്‍’ കഞ്ചിക്കോട് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനു വേണ്ടി സമര്‍പ്പിച്ചത്. ഇവിടെ എത്ര കാലം വേണമെങ്കിലും തൊഴിലാളികള്‍ക്ക് തങ്ങാം. ഡോര്‍മെറ്ററി സംവിധാനത്തില്‍ നാല് നിലകളിലായി 62 മുറികള്‍ ഉണ്ട്. വലിയ അടുക്കളകളും ഡൈനിങ്ങ് ഹാളും തുടങ്ങി കളിസ്ഥലം വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 800 രൂപയാണ് മാസവാടക. അതായത് ദിവസം 26.6 രൂപ .തൊഴില്‍ വകുപ്പിന് കീഴില്‍ ഭവന ഫൗണ്ടേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്.ഇതാണ് യഥാര്‍ത്ഥ അച്ഛാദിന്‍ എന്നാണ് തൊഴിലാളികള്‍ ഇപ്പോള്‍ പറയുന്നത്.മമതയുടെ തൃണമൂലും, ബി.ജെ.പിയും കോണ്‍ഗ്രസ്സും എല്ലാം ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഈ തൊഴിലാളികള്‍ക്ക് കേരളത്തിലാണിപ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘അച്ചാ ലൈഫ് ‘
അന്യസംസ്ഥാന തൊഴിലാളികള്‍ എന്നതില്‍ നിന്നും അതിഥി തൊഴിലാളികള്‍ എന്ന് നാമകരണം ചെയ്തതില്‍ തന്നെ മലയാളികളുടെ ഉന്നതമായ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.സ്വന്തം നാട്ടില്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടിയവരെയാണ് കേരളം രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്.ഇന്ന് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തുണ്ട്. വീടും നാടും കച്ചവട സ്ഥാപനങ്ങളും വൃത്തിയാക്കുന്ന ഇവര്‍ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. തൊഴിലുടമകള്‍ പലയിടത്തും മൃഗങ്ങള്‍ക്ക് തുല്യമായി ഇരുണ്ട മുറികളിലും ടെന്റുകളിലുമാണ് കൂട്ടത്തോടെ ഇവരെ താമസിപ്പിച്ചിരുന്നത്. ഈ കിരാത നടപടിക്ക് അറുതി വരുത്താന്‍ തൊഴില്‍ വകുപ്പും ഇപ്പോള്‍ ശക്തമായി രംഗത്തിറങ്ങി കഴിഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ മാനിഫെസ്റ്റോവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ നിരക്കില്‍ വൃത്തിയും വെടിപ്പുമുള്ള പാര്‍പ്പിടം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം കൂടിയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. കഞ്ചിക്കോട് മാതൃകയില്‍ കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും ഇനി അതിഥി തൊഴിലാളികള്‍ക്കായി പാര്‍പ്പിട സമുച്ചയം ഉയരും. ഈ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായും സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
പത്തുലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ മൂന്നരലക്ഷത്തോളം പേര്‍ ഇതിനകം ‘ആവാസ് സമഗ്ര ഇന്‍ഷൂറന്‍സ്’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കായി അപകടമരണ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം രണ്ടുലക്ഷവും 56 ആശുപത്രികളില്‍ 15000 രൂപവരെയുള്ള സൗജന്യചികിത്സയും നല്‍കിവരികയാണ്.തിരുവനന്തപുരത്ത് തമ്പാനൂരിലും ഏറണാകുളത്ത് പെരുമ്പാവൂരിലും ‘ശ്രമിക്ബന്ധു’ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമാണ്. പാര്‍പ്പിട സമുച്ചയത്തിന് പുറമേ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലും കിനാലൂരിലും എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും സമാനരീതിയിലുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇതിന് പുറമെ 26 തൊഴില്‍വിഭാഗങ്ങളുടെ മിനിമംകൂലി വര്‍ദ്ധിപ്പിച്ചുകൊണ്ടും പിണറായി സര്‍ക്കാര്‍ തൊഴിലാളി ക്ഷേമനടപടികള്‍ തുടരുകയാണ്.ഇതിന്റെ ഭാഗമായി തോട്ടംമേഖലയുടെ പുനരുദ്ധാരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് നിയമംഭേദഗതി ചെയ്ത് ഇരിപ്പിടം ഉറപ്പ് വരുത്തിയിട്ടുണ്ട്.’നിയുക്തി’ ജോബ്‌ഫെയറിലൂടെ 9911 പേര്‍ക്കാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്. കുറഞ്ഞവേതനക്കാരായ തൊഴിലാളികള്‍ക്കായി രണ്ട് കിടപ്പുമുറികള്‍ വീതമുള്ള കെട്ടിടവും അടിമാലിയില്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.