വാക്ക് കൊടുത്താൽ പോരാ, അത് നടപ്പാക്കാൻ കൂടി ഉള്ളതെന്ന് പ്രഖ്യാപിച്ച്‌ പിണറായി !

രാഷ്ട്രീയപരമായും വ്യക്തിപരമായും നമുക്ക് ആരെയും വിമര്‍ശിക്കാം. ഏത് കൊടി കുത്തിയ രാഷ്ട്രീയ നേതാവിനേയും വിമര്‍ശിക്കാം. അത് ഈ രാജ്യത്തെ ഒരോ പൗരന്റെയും അവകാശമാണ്. അതേ സമയം വിമര്‍ശിക്കുമ്പോള്‍ തന്നെ എതിരാളിയാണെങ്കില്‍ പോലും ചെയ്യുന്നത് നല്ല കാര്യമാണെങ്കില്‍ അത് അംഗീകരിച്ച് കൊടുക്കുകയും വേണം. അതാണ് മര്യാദ. രാജ്യത്തെ കര്‍ഷകര്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തല്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകാപരമാണ്.

വായ്പാ പരിധി ഇരട്ടിയാക്കിയതും മൊറട്ടോറിയം പ്രഖ്യാപിച്ചതും കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.കാര്‍ഷികോത്പ്പന്നങ്ങളുടെ വില തകര്‍ച്ചയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം ദേശീയ തലത്തില്‍ തന്നെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്.

സംസ്ഥാനത്തെ കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. എല്ലാ വിളകളുടേയും നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും സര്‍ക്കര്‍ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവും നല്‍കും. പ്രളയ പ്രദേശങ്ങളിലെ കാര്‍ഷിക കടത്തിന്റെ പലിശയും ഇനി സര്‍ക്കാറാണ് നല്‍കുക. വിളനാശം മൂലമുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും ഇതിനായി 85 കോടി നീക്കിവയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെയാണ്

(1) പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിന്മേലുള്ള ജപ്തിനടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കും. ഇത് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ ബാധകമായിരിക്കും.

(2) കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഈ തിയതി തന്നെ ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാവും ഈ ആനുകൂല്യം ബാധകമാവുക.

(3) കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.

(4) ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ലഭ്യമാക്കുക.

(5) കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താമോ എന്ന കാര്യം പരിശോധിക്കാന്‍ കൃഷി- ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്

(6) പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാനും തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് അനുവദിക്കുക.

(7) വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനമാണ് വര്‍ദ്ധിപ്പിച്ച് നല്‍കുക. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും ഇനി ലഭിക്കും. പ്രതിസന്ധിയിലായ കര്‍ഷകരെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനങ്ങള്‍.

കര്‍ഷക പ്രക്ഷോഭത്തിന്റെ ‘ഉല്‍പ്പന്ന’മായ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളും പിണറായി സര്‍ക്കാരിന്റെ ഈ നടപടി കണ്ട് പഠിക്കണം. അധികാരത്തിലേറ്റിയ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാതെ ഒഴിഞ്ഞു മാറുകയാണ് ഇവിടുത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ആവട്ടെ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് നല്‍കിയ വാഗ്ദാനങ്ങളും ലംഘിച്ചു. ഇവിടെ വീണ്ടും പ്രക്ഷോഭത്തിന്റെ പാതയിലാണ് കര്‍ഷകര്‍. പാവപ്പെട്ടവന്റെ വോട്ട് വാങ്ങി സമ്പന്ന വിഭാഗത്തിനു വേണ്ടി ഭരണം നടത്തുക എന്ന ഏര്‍പ്പാട് ആര് നടത്തിയാലും അത് ചോദ്യം ചെയ്യുക തന്നെ വേണം. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന് പ്രവര്‍ത്തിയിലൂടെ തെളിയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചവറ്റുകൊട്ടയില്‍ തള്ളേണ്ട സാഹചര്യം തന്നെ അതിക്രമിച്ച് കഴിഞ്ഞു.

Top