തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
റിയാദ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റി പ്രോജക്ടിന് വേണ്ടി ദുബായില്‍ നിന്നും എത്തിച്ചവരാണ് ഇവര്‍. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് റിയാദിലെ എക്‌സിറ്റ് 8 ന് അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ശമ്പളവും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആഗസ്റ്റ് മുതല്‍ ഇവരുടെ ഇക്കാമ പുതുക്കി നല്‍കിയിട്ടില്ല. അതിനാല്‍ ലേബര്‍ ക്യാമ്പിന് വെളിയില്‍ പോകാന്‍ കഴിയുന്നില്ല. വായുസഞ്ചാരം കുറഞ്ഞ മുറിയില്‍ കഴിയുന്ന ഇവര്‍ക്ക് മതിയായ ആഹാരമോ, കുടിവെള്ളമോ ലഭിക്കുന്നില്ല.
സന്നദ്ധസേവകര്‍ നല്‍കുന്ന ആഹാരം കഴിച്ചാണ് ജീവന്‍ നിലനിറുത്തുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.