PINARAYI VIJAYAN’S STATEMENT

തിരുവനന്തപുരം : ആരാധനാലയങ്ങള്‍ക്കു വേണ്ടി പണം മുടക്കുന്നവര്‍ അതിന്റെ പകുതിയെങ്കിലും സരസ്വതീക്ഷേത്രങ്ങളായ വിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ വിദ്യാലയങ്ങള്‍ക്കുള്ളു എന്നു തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

താന്‍ പഠിച്ച വിദ്യാലയങ്ങളെ മറക്കരുത്. ആരാധനാലയങ്ങള്‍ക്ക് വന്‍ തോതില്‍ പണം നല്‍കുന്നവര്‍ ഒരിക്കലെങ്കിലും തന്റെ വിദ്യാലയത്തെ ഒന്നു ഓര്‍ക്കണം.

അടച്ചുപൂട്ടല്‍ ഭീഷണി അടക്കം നേരിടുന്ന സ്വന്തം വിദ്യാലയങ്ങളെ രക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അധ്യാപകദിനത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപ്രതിബദ്ധതയുള്ള ജോലിയാണ് അധ്യാപനം. മറ്റുള്ള ജോലിയേക്കാള്‍ അഭിമാനം പകരുന്ന ജോലി. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ പഴയതില്‍ നിന്നു വ്യത്യസ്തരാണ്.

രക്ഷിതാക്കളില്‍ പലരും അക്ഷരജ്ഞാനം ഉള്ളവരാണ്. പഴയ അവസ്ഥ ഇന്ന് ഇല്ല. പക്ഷേ, ശരാശരിയില്‍ താഴെയുള്ള കുട്ടികള്‍ ഇപ്പോഴും ഉണ്ട്.അവരെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധാരണയില്‍ കവിഞ്ഞ ശ്രദ്ധയും പരിചരണവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top