pinarayi vijayan’S Statement against ksu-legislative assembly

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്കേറ്റം. പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്.

തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല, മറിച്ച് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യൂത്ത് കോണ്‍ഗ്രസുകാര്‍ അത്രയും കുറച്ച് ആളുകളുമായി സമരത്തിന് വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹളം വച്ചാലും പറയാനുള്ളത് പറയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയകരാറില്‍നിന്ന് പിന്നോട്ടില്ലെന്നും നീറ്റ് മെറിറ്റ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് ക്യാമറയില്‍ കാണാനാണ്. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് ആക്രമിച്ചേ എന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പരിഹസിച്ചു. അതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.മുഖ്യമന്ത്രിയുടെ പ്രസ്താവന പത്രക്കാരേയും യൂത്ത് കോണ്‍ഗ്രസിനെയും അപമാനിക്കലാണ്.

മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ല. തങ്ങള്‍ക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കാത്തപക്ഷം സഭാനടപടികളുമായി സഹരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ ഏകാധിപത്യ നടപടി ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിച്ച് കൊടുക്കില്ല. പിണറായി വിജയന്‍ പാര്‍ട്ടി കമ്മറ്റിയില്‍ സംസാരിക്കുന്ന പോലെ സഭയില്‍ സംസാരിച്ചാല്‍ അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് വന്‍ കൊള്ള നടത്തിയിട്ട് പ്രതിപക്ഷം സഭയില്‍ ഇക്കാര്യം പറയുമ്പോള്‍ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ പ്രവേശനത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്‌യു സമരത്തിലെ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഇത്ര വലിയതോതില്‍ ഫീസ് കൂട്ടിയിട്ടും എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും മിണ്ടാട്ടമില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വലിയ സമരം നടത്തുന്ന എസ്.എഫ്.ഐക്കാര്‍ അധികാരത്തിലേറുമ്പോള്‍ മാനേജ്‌മെന്റിനൊപ്പമാണ് എല്ലാകാലത്തുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

65,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കോഴ വാങ്ങാന്‍ അനുമതി കൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സമരക്കാര്‍ അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞു.

സ്വാശ്രയ കരാറിലെ യഥാര്‍ത്ഥ നില മനസ്സിലാക്കി സമരം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Top