ആ സാമുദായിക നേതാവിന്റെ വീട്ടിലെ തിണ്ണയിൽ മന്ത്രിപ്പട നിരങ്ങിയത് തെറ്റ് ! !

രു ജാതി-മത സംഘടനകളെയും കൂട്ട് പിടിച്ചല്ല കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പ്രത്യേകിച്ച് സി.പി.എം വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറന്നുപോകരുത്. മഹത്തായ ആ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ കടയ്ക്കലാണിപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കത്തിവെച്ചിരിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ എന്‍.എസ്.എസ് ആസ്ഥാനത്തും കണിച്ചിക്കുളങ്ങരയിലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലും മുഖ്യമന്ത്രിമാര്‍ കാത്ത് കെട്ടിയിരുന്ന അവസ്ഥ ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രബുദ്ധ കേരളത്തിന് അപമാനമായിരുന്നു ആ കാഴ്ചകള്‍.

വെള്ളാപ്പള്ളിയുടെ മുന്നിലും സുകുമാരന്‍ നായരുടെ മുന്നിലും തല ചൊറിഞ്ഞ് നില്‍ക്കേണ്ട ഗതികേട് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകാം, യു.ഡി.എഫ് സര്‍ക്കാറിനും ഉണ്ടാകും, എന്നാല്‍ വിപ്ലവ പ്രസ്ഥാനം നേതൃത്വം നല്‍കുന്ന ഒരു ഇടതുപക്ഷ സര്‍ക്കാറിന് എന്തിനാണ് അതിന്റെ ആവശ്യം ?

കണിച്ചുക്കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുടെ നടപടി തെറ്റായ സന്ദേശം നല്‍കുന്നതാണ്. പിണറായി മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ഒരു ജാതി-മത നേതാക്കളുടെയും വസതിയില്‍ പോയി തല ചൊറിഞ്ഞ് നിന്നിട്ടില്ലെന്ന്‌ അഭിമാനത്തോടെ പറയുന്ന അണികള്‍ക്കേറ്റ പ്രഹരമാണിത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പില്‍ഗ്രിം സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പിണറായിയും സംഘവും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്.

പ്രളയം നല്‍കിയ മുറിപ്പാടും സാമ്പത്തിക ദുരിതവും നിലനില്‍ക്കുമ്പോള്‍ പില്‍ഗ്രിം സെന്ററിന്റെ നിര്‍മാണത്തിന് മൂന്നരക്കോടി സര്‍ക്കാര്‍ ചിലവിടുന്നതും ശരിയായ നടപടിയല്ല. കണിച്ചുകുളങ്ങര ക്ഷേത്രത്തിനല്ല, ഏത് മത വിഭാഗത്തിന്റെ ആരാധനാലയത്തിലായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് വിനയോഗിക്കരുതായിരുന്നു.ആരാധനാലയങ്ങലുടെ ഫണ്ടുകളാണ് ഇത്തര കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് കേരളത്തില്‍. അവരുടെ ദുരിതം അകറ്റാനായിരുന്നു ഈ പണം നല്‍കേണ്ടിയിരുന്നത്. എന്‍.എസ്.എസ് പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് വെള്ളാപ്പള്ളിയോടുള്ള ഇടതു സര്‍ക്കാറിന്റെ സ്‌നേഹത്തിന് അടിസ്ഥാനമെങ്കില്‍ ആ കണക്ക് കൂട്ടല്‍ പിഴക്കുക തന്നെ ചെയ്യും.

ഈ നാട്ടിലെ ഈഴവ സമുദായത്തിന്റെ അട്ടിപ്പേറവകാശമൊന്നും ആ സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്നവര്‍ പോലും വെള്ളാപ്പള്ളി കുടുംബത്തിന് കൊടുത്തിട്ടില്ല. മകനെ ബി.ഡി.ജെ.എസ് തലപ്പത്ത് പ്രതിഷ്ടിച്ച് ബി ജെ പി പാളയത്തിലേക്ക് പറഞ്ഞയച്ച വെള്ളാപ്പള്ളി, ഇപ്പാള്‍ പിണറായി സര്‍ക്കാറിനോട് കാണിക്കുന്ന കുറ് അവസരവാദപരമാണെന്ന് സി.പി.എം അണികള്‍ക്ക് തന്നെ നല്ല പോലെ തിരിച്ചറിയാമെന്ന യാഥാര്‍ത്ഥ്യവും നേതൃത്വം കാണാതെ പോകരുത്

നിലപാടുകളായിരിക്കണം കമ്യൂണിസ്റ്റുകള്‍ മുറുകെ പിടിക്കേണ്ടത്. അതാണ് തെരുവില്‍ പിടഞ്ഞുവീണ രക്തസാക്ഷികള്‍ കാണിച്ചു തന്ന ചുവപ്പ് പാത. ഈ പാതയുടെ പടിചവിട്ടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ നിരവധി തവണ പൊതു സമൂഹത്തില്‍ അവഹേളിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍.ബി.ജെ.പി നല്‍കിയ ഹെലികോപ്റ്ററില്‍ നാട് ചുറ്റി സി.പി.എമ്മിനെ കടന്നാക്രമിച്ച ഈ സമുദായ നേതാവിന്റെ വാക്കുകള്‍ സി.പി.എം നേതാക്കള്‍ മറന്നാലും കേരളം മറക്കില്ല, അണികളും പൊറുക്കില്ല.

തനിക്കും കുടുംബത്തിനും എതിരായ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ സമയം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് ഇപ്പോള്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നത്.അല്ലങ്കില്‍ വെള്ളാപ്പള്ളി ആത്മാര്‍ത്ഥമായി ഒന്ന് കടുപ്പിച്ചാല്‍ അടുത്ത നിമിഷം തന്നെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ മുന്നണിയില്‍ നിന്നും വിട്ടു പോരുമായിരുന്നു.എന്നാല്‍ അത് ഉണ്ടായിട്ടില്ല. ഒരു പൊറാട്ട് നാടകമാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. ഇത് പോലെ വെള്ളാപ്പള്ളിമാര്‍ രണ്ടു തോണിയില്‍ കാലുവച്ചാല്‍ ആ തോണികള്‍ തന്നെ മറിയുമെന്ന യാഥാര്‍ത്ഥ്യം സി.പി.എം മാത്രമല്ല ബി.ജെ.പിയും മനസ്സിലാക്കുന്നത് നല്ലതാണ്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വഞ്ചിച്ചു എന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നത് വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശനാണ്. യുവതീ പ്രവേശനത്തിനെതിരെ വെള്ളാപ്പള്ളി നടേശനും നിലപാടെടുത്തു. പിന്നീട് ‘പണി’ പാളുമെന്ന് വ്യക്തമായതോടെ താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ വീണ്ടും നവോത്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് ‘മുന്നണി’ പോരാളിയായി. അപാര തൊലിക്കട്ടി തന്നെ വേണം ഇങ്ങനെ സെക്കന്റുകള്‍ക്കുള്ളില്‍ മലക്കം മറിയാന്‍.

ജാതി-മത സംഘടനകളെ കൂട്ട് പിടിച്ചില്ല കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ സാമൂഹിക വിപ്ലവം നടത്തിയത്. ഈ നാട് ഇന്നു കാണുന്ന നേട്ടത്തിന് പിന്നില്‍ മണ്ണില്‍ പിടഞ്ഞ് വീണ നിരവധി കമ്യൂണിസ്റ്റുകളുടെ ത്യാഗങ്ങളുണ്ട്. അത് സി.പി.എം നേതൃത്വം മറന്ന് പോകരുത്. ജാതി- മത സംഘടന നേതാക്കളെ ഇങ്ങനെ പാലൂട്ടി വളര്‍ത്തരുത്. അത് ഈ നാടിനെ പിറകോട്ടടിപ്പിക്കും. കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറില്‍ നിന്നും ഇത്തരം നടപടികള്‍ ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ പിരിച്ച് വിടുമായിരുന്നു. ഗുരുവിന്റെ വചനങ്ങള്‍ ധിക്കരിച്ചാണ് ആ സംഘടന ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.അതാണ് യാതാര്‍ത്ഥ്യം.

Team ExpressKerala

Top