മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം ‘ഫാസിസ്റ്റ് മനോഭാവം’; മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പിണറായി പ്രതികരിച്ചു. കൂടാതെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണം.

 

Top