pinarayi vijyan statement about develapment and environmental isses

തിരുവനന്തപുരം: വികസനവും പരിസ്ഥിതിയും ഒന്നിച്ചു കൊണ്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസനത്തിന് വേണ്ടി പരിസ്ഥിതിയോ പരിസ്ഥിതിക്ക് വേണ്ടി വികസനമോ മാറ്റി വെക്കേണ്ടതില്ലെന്നും പരിസ്ഥിതിക്ക് ഉതകുന്ന വികസനമാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റിയുളള പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണസംവിധാനങ്ങള്‍ ആവശ്യമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് മാതൃകാപരമായി അഭിപ്രായം രേഖപ്പെടുത്തേണ്ടത്.

അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
കല്ലും നെല്ലും പതിരും തിരിച്ചറിഞ്ഞതു കൊണ്ടാണ് ജനങ്ങള്‍ തന്നെ ജനപ്രതിനിധിയാക്കിയത്.

ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മോശമായതെല്ലാം നേരത്തെ തന്നെ ചാര്‍ത്തി കിട്ടിയ ആളാണ് താന്‍. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്തി ഭരണം മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. സര്‍ക്കാര്‍ നിലപാടും അവരുടെ നിലപാടും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ക്ക് ബോധ്യമായെന്നും പിണറായി പറഞ്ഞു.

അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കുമെന്നും ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

രണ്ട് കൂട്ടരുടെയും സമ്മത പ്രകാരമുള്ള തീരുമാനമാണ് വേണ്ടത്. നാല് കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല എന്നും പിണറായി പറഞ്ഞു.

Top