ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന മുഖ്യമന്ത്രിമാരുടെ ദേശീയ തല യോഗത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. നേരത്തെ കൊവിഡ് പ്രതിരോധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
ഇപ്പോള്‍ കൊവിഡ് കാലത്ത് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താനുളള തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുളള 7 മുഖ്യമന്ത്രിമാര്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സോണിയാ ഗാന്ധി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിച്ചതായും വിവരങ്ങളുണ്ട്. ഇന്നത്തെ യോഗത്തില്‍ പിണറായി വിജയനേയും ഉള്‍പ്പെടുത്താന്‍ സോണിയാ ഗാന്ധി ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിണറായിയെ സോണിയ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ക്ഷണിക്കാതെ ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിണറായിയെ സോണിയ ഒഴിവാക്കിയത് എന്നാണ് സൂചന.