തിരുവനന്തപുരം : മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വരുന്നതിനെ നോക്കി ചങ്കിടിപ്പോടെ ഉദ്യോഗസ്ഥ വൃന്ദം.
കരുണാകരനുശേഷം കര്‍ക്കശക്കാരനായ ഒരു മുഖ്യമന്ത്രിയായി പിണറായി മാറുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. നായനാരും, എ.കെ.ആന്റണിയും, വി.എസും, ഉമ്മന്‍ചാണ്ടിയുമൊന്നും കാണിച്ച ”ആനുകൂല്യം” എന്തായാലും പിണറായിയില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
നേരായ വഴിക്ക് പോവുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥര്‍ക്ക് പിണറായിയുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ പൂര്‍ണ്ണ പിന്‍തുണ ലഭിക്കുമെന്നുറപ്പാണ്. സ്ഥലം മാറ്റിക്കളയുമെന്ന ഛോട്ടാ നേതാക്കളുടെയും മറ്റും വെല്ലുവിളിയും പിണറായിയുടെ ഭരണകാലത്ത് നടപ്പാകില്ല.
എന്നാല്‍ ഉദ്യോഗസ്ഥ ഭരണം ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തായാലും പിണറായിയുടെ സ്ഥാനാരോഹണം ശുഭ പ്രതീക്ഷ നല്‍കുന്നതല്ല. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരോടുള്ള പിണറായിയുടെ സമീപനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോടുള്ള നിലപാട് എന്നിവ എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
98-ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പിണറായി സ്വീകരിച്ച നിലപാടുകള്‍ മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പിണറായിക്ക് അതുകൊണ്ട് തന്നെ കഴിയുമെന്നുമാണ് ഉദ്യോഗസ്ഥ പക്ഷം.
ചീഫ് സെക്രട്ടറി, ഡി.ജി.പി തസ്തികകളില്‍ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവാന്‍ സാധ്യത കുറവാണെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ റെഡ്ഡിയെ ഉടനെ തന്നെ മാറ്റുമെന്നാണ് അറിയുന്നത്.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ തുടരാന്‍ അനുവദിച്ചേക്കും. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വന്‍ അഴിച്ച് പണിക്കും ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കളമൊരുങ്ങും.
ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ റവന്യു മന്ത്രിയുടെയും സി.പി.ഐയുടെയും നിലപാട് നിര്‍ണ്ണായകമാവും. മുന്‍ കാലങ്ങളിലെന്നപോലെ ഇത്തവണയും റവന്യു വകുപ്പ് സി.പി.ഐക്ക് ആയിരിക്കും.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനല്ല മറിച്ച് കോടിയേരിയായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇത്തവണ ആഭ്യന്തരം പിണറായി തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനം. ഇതിനു പുറമെ സുപ്രധാനമായ മറ്റ് ചില വകുപ്പുകളും മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കും.
ഞായറാഴ്ച നടക്കുന്ന ഇടതുമുന്നണി-സിപിഎം നേതൃയോഗങ്ങളില്‍ മന്ത്രിമാരെ സംബന്ധിച്ചും വകുപ്പുകളെ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കും.