കൈവിട്ട കളിയിലേക്കാണ് മോദി സർക്കാർ ഇപ്പോൾ നീങ്ങുന്നത്. സ്വർണ്ണക്കടത്തു കേസ് പ്രതി സപ്ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കി കേരള മുഖ്യമന്ത്രിയെ കുടുക്കുകയാണ് പ്രധാന ലക്ഷ്യം. ബി.ജെ.പി ഭരിക്കുന്ന കർണ്ണാടകയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തിനു പിന്നിലും വ്യക്തമായ അജണ്ടയുണ്ട്.
അതു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. ”സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ” എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അതായത് ഇ.ഡിയുടെ നിലപാട് .ഡൽഹിയിൽ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനമായിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരും കേന്ദ്ര സർക്കാറിന്റെ സീനിയർ അഭിഭാഷകരുമാണ് ഈ യോഗത്തിൽ പങ്കടുത്തിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്ന ശേഷം അവർക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗത്തിൽ ചർച്ചയായതായാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും നീക്കം കേരളത്തിൽ നടത്തിയാൽ ‘പണി’ പാളുമെന്ന ഭയവും കേന്ദ്ര ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാണ്.
2019-ൽ ശാരദ ചിട്ടി തട്ടിപ്പു കേസിലെ തെളിവുകൾ നശിപ്പിച്ച കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ മമതയുടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന അസാധാരണ സാഹചര്യമുണ്ടായിരുന്നു. തുടർന്ന് മുഖ്യമന്ത്രി തന്നെ കുത്തിയിരുപ്പ് സമരം നടത്തുന്ന അവസ്ഥയും ഉണ്ടായി. അന്ന് കേന്ദ്ര സേനയെ ഇറക്കിയാണ് സി.ബി.ഐ ആസ്ഥാനത്തിന് കേന്ദ്ര സർക്കാർ സുരക്ഷ ഒരുക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യം കേരളത്തിൽ ആവർത്തിക്കുമെന്ന ഭയം കേന്ദ്ര ഏജൻസികൾക്കും ഉണ്ട്. കൊൽക്കത്തയിൽ പൊലീസ് കമ്മീഷണറെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രി തന്നെയാണ് പ്രത്യക്ഷ എതിരി. അതു കൊണ്ടു തന്നെ ആശങ്കയും ശക്തമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഒടുവിൽ ബെംഗളുരുവിലേക്ക് കേസ് മാറ്റാൻ ധാരണയായിരിക്കുന്നത്.
ഇ.ഡി കൊച്ചി സോൺ അസിസ്റ്റൻ്റ് ഡയറക്ടറാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഉള്ള കേസ് ബെംഗളൂരുവിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നതാണ് ഇഡി യുടെ ആവശ്യം. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് ബി.ജെ.പി ഭരിക്കുന്ന കർണ്ണാടകയെ ഇ.ഡി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ബോധപൂർവ്വമാണെന്നും ഇതിൽ നിന്നു തന്നെ രാഷ്ട്രീയ താൽപ്പര്യം വ്യക്തമാണെന്നുമാണ് സി.പി.എം നേതൃത്വവും ആരോപിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന മുഖ്യമന്ത്രിമാരുമായി പിണറായി വിജയനും സി.പി.എം നേതാക്കൾക്കുമുള്ള അടുത്ത ബന്ധമാണ് കർണ്ണാടക തിരഞ്ഞെടുക്കാൻ, ഇ.ഡിയെ പ്രേരിപ്പിച്ചിരിക്കുന്നത്
സ്വപ്നയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മൊഴി എടുക്കുക കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക എന്നതിലുപരി കടുത്ത നീക്കത്തിലേക്കാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന സംശയമാണ് ഇതാടെ ഉയർന്നിരിക്കുന്നത്. ഉത്തരേന്ത്യയെ ഏതാണ്ട് പൂർണ്ണമായും കൈപ്പിടിയിലൊതുക്കിയ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യയെ ആണ്. അടുത്തയിടെ, ഹൈദരാബാദിൽ ചേർന്ന ദേശീയ നേതൃയോഗത്തിലും ഇതിനാവശ്യമായ കർമ്മ പദ്ധതിയാണ് ബി.ജെ.പി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തെലങ്കാന, തമിഴ്‌നാട്, കേരള സംസ്ഥാന ഭരണകൂടങ്ങളെ പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഏജൻസികളെ മുൻ നിർത്തിയാണ് കരുനീക്കങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാറിനെ ബി.ജെ.പി അട്ടിമറിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കങ്ങൾ ശക്തമായതെന്നതും ശ്രദ്ധേയമാണ്. ഇ.ഡിയെ ചൂണ്ടിക്കാണിച്ചാണ് ശിവസേന എം.എൽ.എമാരെ പിളർത്തിയതെന്നാണ് ശിവസേന നേതൃത്വം തുറന്നടിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന നീക്കത്തെയും ബി.ജെ.പിയുടെ ‘രാഷ്ട്രിയ അജണ്ട’ എന്നാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വവും വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം കേന്ദ്ര ഏജൻസിയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജൻസിയുടെ നീക്കം അനിവാര്യമായ നടപടിയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ, സി.ബി.ഐ അന്വേഷണം വേണമെന്നതാണ്, സംസ്ഥാന കോൺഗ്രസ്സിന്റെ പുതിയ നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണ് നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇ.ഡിയെ പോലെ തന്നെ കേന്ദ്ര ഏജൻസിയാണ് സി.ബി.ഐയും എന്നിരിക്കെ പ്രഹസനമായ നിലപാടായി മാത്രമേ ഈ മലക്കം മറിച്ചിലിനെ കാണാൻ സാധിക്കൂ.
സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നീക്കമാണ് ഇ.ഡിയെ തള്ളിപ്പറയാൻ സതീശനെയും പ്രേരിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിക്കെതിരായ കേന്ദ്ര നീക്കത്തിനെതിരെ പാർലമെന്റിൽ ഒന്നിച്ചു നിൽക്കാൻ സി.പി.എം തീരുമാനിച്ചിട്ടും കേരളത്തിൽ അത്തരത്തിൽ ഒരു നീക്കത്തിന് കെ.പി.സി.സി നേതൃത്വം തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര അന്വേഷണം വേണമെന്നതു തന്നെയാണ് അവരുടെ നിലപാട്. കേന്ദ്ര ഏജൻസി ‘വഴി’ കേരള ഭരണം പിടിക്കാൻ കഴിയുമെന്നാണ് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇനി ഒരിക്കൽ കൂടി ഭരണം ലഭിച്ചില്ലങ്കിൽ പാർട്ടി തന്നെ ഇല്ലാതാകുമെന്ന മുന്നറിയിപ്പും സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനു നൽകിയിട്ടുണ്ട്. ഇതോടെ, എ.ഐ.സി.സി നേതൃത്വമാണിപ്പോൾ വെട്ടിലായിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ്സ് അജണ്ട ഇതാണെങ്കിൽ ബി.ജെ.പിയുടെ പ്രതീക്ഷ മറ്റൊന്നാണ് ലോകസഭ തിരഞ്ഞെടുപ്പോടെ കോൺഗ്രസ്സ് തകരുമെന്നും അതോടെ, സി.പി.എമ്മിന് പ്രധാന എതിരാളിയായി മാറാമെന്നതുമാണ് അവരുടെ കണക്കു കൂട്ടൽ. സി.പി.എമ്മിന്റെ വോട്ട് ബാങ്ക് തകർക്കാതെ കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയില്ലന്നും ബി.ജെ.പി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ നീക്കം വഴി സി.പി.എമ്മിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്നാണ് സംഘപരിവാർ സംഘടനകളും കരുതുന്നത്. ആർ.എസ്.എസ് അനുകൂല എൻ.ജി.ഒ അയ എച്ച്.ആർ.ഡി.എസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തതും ആർ.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഘടകമാണ്. ഈ പകയും ഇപ്പോഴത്തെ കേന്ദ്ര നീക്കത്തിനു പിന്നിലുണ്ടെന്ന സംശയവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് എച്ച്.ആർ.ഡി.എസിൽ ജോലി നൽകിയതു തന്നെ മുഖ്യമന്ത്രിക്ക് എതിരായ നീക്കം മുൻനിർത്തിയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഒരിക്കൽ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തെളിവുകൾ ഇല്ലന്നു കണ്ട് അവസാനിപ്പിച്ച കേസിൽ സ്വപ്ന വീണ്ടും രഹസ്യമൊഴി നൽകിയതാണ് ഗൂഢാലോചനയായി സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ നീക്കത്തെ രാഷ്ട്രീയപരമായും, നിയമപരമായും നേരിടാൻ തന്നെയാണ്, സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ‘മടിയിൽ കനമുള്ളവൻ മാത്രം പേടിച്ചാൽ മതിയെന്ന” നിലപാടാണ് മുഖ്യമന്ത്രിയും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്.
EXPRESS KERALA VIEW