സിഎഎക്കെതിരായ യോജിച്ച സമരത്തില്‍ പങ്കെടുക്കൂ, വെല്ലുവിളിച്ച് മുല്ലപ്പള്ളി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമഭേദഗതിക്കെതിരായി യോജിച്ച സമരം വേണമെന്നുപറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. മുഖ്യന്ത്രി തയ്യാറാണെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സംസ്‌ക്കാരസാഹിതി യോജിച്ച സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന സംരക്ഷിക്കാനായി സംസ്‌ക്കാര സാഹിതിയുടെ കാവല്‍യാത്രയുടെ സമാപനസമ്മേളനം കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാക്കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. പൗരത്വ നിയമത്തിനെതിരായി സമരം നടത്തുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് മോഡി പറഞ്ഞപ്പോള്‍ അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാദാപുരത്ത് ഇടത്തോട്ട് മുണ്ടുടുത്തവനെ അടിക്കാന്‍ പറഞ്ഞവരാണ് സി.പി.എമ്മുകാര്‍. 33 വര്‍ഷം ഭരിച്ച ബംഗാളില്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്തവരാണിവര്‍. ഇന്ത്യയില്‍ ഫാസിസത്തിനെതിരായ സമരത്തില്‍ ഒരിടത്തും കമ്യൂണിസ്റ്റുകളുണ്ടായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഫാസിസവുമായി ഒത്തുകളിക്കുകയുമായിരുന്നു അവരെന്നും കുറ്റപ്പെടുത്തി.

സദ്ദാംഹുസൈന്‍ ജീവിച്ചിരിക്കുമ്പോള്‍ ലോകം കണ്ട ഏകാധിപതിയെന്ന് ഇ.എം.എസ് ലേഖനമെഴുതുകയും മരിച്ച് കഴിഞ്ഞപ്പോള്‍ രക്തസാക്ഷിയാക്കിയവരുമാണ് സി.പി.എം. വോട്ടിനു വേണ്ടി മുസ്ലിം ന്യൂനപക്ഷളെ വഞ്ചിക്കുകയാണ്. പൗരത്വ നിയമത്തിനെതിരായ സമരത്തെ വഞ്ചിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സി.പി.എമ്മുമായി യോജിച്ച സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചത്. രാജ്യത്ത് പൗരത്വ നിയമഭേദഗതിയടക്കമുള്ള ബി.ജെ.പിയുടെ ഫാസിസത്തിനെതിരെ സമരം നയിക്കുന്നത് കോണ്‍ഗ്രസാണ്. സമരത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് സി.പി.എം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് ആധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, സജീവ് ജോസഫ്, സജീവ് മാറോളി, മുന്‍ എം.എല്‍.എ പ്രഫ. എ.ഡി മുസ്തഫ, പ്രഫ. വി മുഹമ്മദ് അഹമ്മദ്, വി.എ നാരായണന്‍, മോഹന്‍ജി വെണ്‍പുഴശേരി, കെ.ആര്‍.ജി ഉണ്ണിത്താന്‍, കാരയില്‍ സുകുമാരന്‍, പ്രദീപ് പയ്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ തെരുവ് നാടകം അരങ്ങേറി. പ്രതിരോധത്തിന്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്ത കാവല്‍യാത്രയാണ് മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തി കണ്ണൂരില്‍ സമാപിച്ചത്.

Top