തിരുവനന്തപുരം : പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷട്രീയ കക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേരളത്തിന് പൊതുവില്‍ ഗുണകരമാകത്തക്കവിധം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. നിര്‍ദേശങ്ങള്‍ അതേപോലെ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിനു വലിയ നഷ്ടം നേരിടേണ്ടിവരും. സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവരുമാനം 42 ശതമാനത്തില്‍നിന്നും അമ്പതു ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ കമ്മീഷനുമുന്നില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നികുതി വിഹിതം നിലവില്‍ 2.5 ശതമാനമാണ്. ഇത് പത്താം കമ്മീഷന്റെ കാലയളവില്‍ മൂന്നര ശതമാനമായിരുന്നു. അതിനുശേഷം ക്രമാനുഗതമായി കുറഞ്ഞുവന്നു. പതിമൂന്നാം കമ്മീഷന്റെ കാലയളവില്‍ ഇത് 2.34 ശതമാനമായി താഴ്ന്നു. കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ എന്തായാലും കഴിഞ്ഞ കമ്മീഷന്‍ അനുവദിച്ച വിഹിതത്തേക്കാള്‍ കുറയരുതെന്നു കമ്മീഷനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു.