കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിക്കേറ്റ അപമാനത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എന്നാല്‍ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
എന്നാല്‍, വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റിവെച്ചു.