കടല്‍ക്കൊല കേസ്; പത്ത് കോടി നഷ്ടപരിഹാര തുക സ്വീകരിക്കും

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചെന്ന് കേരളം. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.

കടല്‍കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.

വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബ അംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലങ്ങളും കേരളം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Top