പിറവം പള്ളിത്തര്‍ക്കം;പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്യണം,നിലപാട് കടുപ്പിച്ച് ഹൈക്കോടതി

highcourt

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായക്കാരെയും മാറ്റണമെന്നും എതിര്‍ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45 നു കോടതിയെ അറിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ബുധനാഴ്ച രാവിലെ ഏഴരയോടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും അകത്തേക്കു കടക്കാന്‍ സാധിച്ചിരുന്നില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയനിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പള്ളിയിലുണ്ടായിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ക്കുള്ള ഒരുക്കങ്ങളും പൊലീസ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് യാക്കോബായ വിഭാഗത്തിന് നല്‍കും. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടക്കുന്നതാണ്. അതേസമയം, ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിക്കകത്ത് കയറ്റില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. പള്ളിക്കു പുറത്ത് പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍.

Top