കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ നീക്കുവാന്‍ ശ്രമവുമായി പൊലീസ്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് മുറിച്ചു മാറ്റി പൊലീസ് അകത്തു പ്രവേശിച്ചിരിക്കുകയാണ്. പള്ളിയുടെ വാതില്‍ക്കല്‍ കിടന്നാണ് യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നത്.
പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായക്കാരെയും മാറ്റണമെന്നും എതിര്‍ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിന്നു.
ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45 നു കോടതിയെ അറിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
ബുധനാഴ്ച രാവിലെ ഏഴരയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും അകത്തേക്കു കടക്കാന്‍ സാധിച്ചിരുന്നില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയനിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പള്ളിയിലുണ്ടായിരുന്നു.