പിറവം : പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിലേയ്ക്ക് കടക്കുകയായിരുന്നു.
പള്ളിയ്ക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിയ്ക്ക് പുറത്തുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിലെത്തുകയായിരുന്നു. സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഥിതി നിയന്ത്രിക്കാന്‍ പള്ളി വളപ്പിനകത്ത് പൊലീസ് കയറിയെങ്കിലും പിന്നീട് പിന്‍മാറി. പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയില്‍ കയറുന്നതിന് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പൊലീസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവര്‍ക്ക് എതിരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയ്ക്ക് പുറത്ത് പന്തല്‍ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ പൂര്‍ണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാരുടെ നിലപാട്. രാത്രി മുഴുവന്‍ ഇവിടെ തുടരുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പറയുന്നത്.
അതേസമയം പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ പുനഃപരിശോധന വേണമെന്നും, ഓര്‍ത്തഡോക്‌സുകാരെ പള്ളികള്‍ പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും യാക്കോബായക്കാര്‍ പറയുന്നു.