ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയതിനാല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല പിയൂഷ് ഗോയലിന് നല്‍കി.
ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പിയുഷ് ഗോയലാവും അവതരിപ്പിക്കുക എന്നത് ഉറപ്പായി.നിലവില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയാണ് പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്ലി നാല് മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല ഗോയലിനായിരുന്നു.
രോഗം ഗുരുതരമായതിനാലാണ് എന്‍ഡിഎയുടെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍പോലും കാത്തുനില്‍ക്കാതെ ജയ്റ്റ്‌ലി ചികിത്സയാക്കായി വിദേശത്തേക്കു പോയതെന്നു കരുതുന്നു. വൃക്ക മാറ്റിവയ്ക്കലിനു ശേഷം മാസങ്ങളോളം അദ്ദേഹം ഔദ്യോഗിക കൃത്യങ്ങളില്‍നിന്നും വിട്ടുനിന്നിരുന്നു. അണുബാധയെക്കുറിച്ചു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീടു തിരിച്ചെത്തിയപ്പോഴും ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നു നിര്‍ദേശമുണ്ടായിരുന്നു.