ന്യൂഡല്‍ഹി: ആമസോണിനെതിരായ തന്റെ പ്രസ്താവനയില്‍ തിരുത്ത് വരുത്തി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ആമസോണ്‍, രാജ്യത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് വലിയ ഗുണം ചെയ്യില്ലെന്നായിരുന്നു ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ താന്‍ ആമസോണിന് എതിരായൊന്നും പറഞ്ഞില്ലെന്നും നിക്ഷേപം നിയമാനുസൃതമാകണം എന്നാണ് ഉദ്ദേശിച്ചതെന്നുമാണ് പീയുഷ് ഗോയലിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ആമസോണ്‍ സിഇഒ ജെഫ് ബസോസ് ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.രാജ്യത്തെ ചെറുതും ഇടത്തരവുമായ ബിസിനസ്സുകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനായി ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 7087 കോടി) നിക്ഷേപിക്കുമെന്ന് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് പറഞ്ഞു. 2025ഓടെ 10 ബില്യന്‍ ഡോളര്‍ മതിപ്പുള്ള ‘മെയ്ക് ഇന്‍ ഇന്ത്യ’ ഉല്‍പന്നങ്ങള്‍ ആഗോളവിപണയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ആമസോണിന്റെ നിക്ഷേപം വലിയ കാര്യമല്ലെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. നഷ്ടത്തിലാണെന്ന് പറയുന്ന ആമസോണിന് ഈ തുക അത് നികത്താനേ തികയൂ എന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഇ കോമേഴ്‌സ് കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന വാണിജ്യ മന്ത്രിയുടെ മുന്നറിയിപ്പും വിവാദമായി. ഇതോടെയാണ് പ്രസ്താവന തിരുത്തി ഗോയല്‍ രംഗത്തു വന്നത്.