ന്യൂഡല്‍ഹി: അന്തരിച്ച എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാന്‍ വഹിച്ചിരുന്നത്.
ഈ വകുപ്പുകളിലെ ചുമതല താത്കാലികമായി വഹിക്കാന്‍ പീയുഷ് ഗോയലിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. റെയില്‍വേ, വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പീയുഷ് ഗോയല്‍. ഈ വകുപ്പുകള്‍ക്ക് പുറമേയാണ് അധിക ചുമതല.
അതേസമയം, റാം വിലാസ് പാസ്വാന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലി അര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
വ്യാഴാഴ്ച മരിച്ച പാസ്വാന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നു വെള്ളിയാഴ്ച രാവിലെയാണു വീട്ടിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രിയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെയും പാര്‍ലമെന്റിലെയും പതാകകള്‍ പകുതി താഴ്ത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പട്നയില്‍ ശനിയാഴ്ചയാണു സംസ്‌കാരമെന്നു സര്‍ക്കാര്‍ അറിയിച്ചു.