ജോസഫ് വിഭാഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ജോസ്.കെ.മാണി വിഭാഗം

കോട്ടയം: പിജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചെന്ന് വ്യക്തമാക്കിയ ജോസഫ് വിഭാഗത്തിന്റെ കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ്.കെ.മാണി വിഭാഗം പരാതി നല്‍കി.

കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. കത്ത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പരാതിയില്‍ ബൈലോ പ്രകാരമേ ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ സാധിക്കൂവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേരളകോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്കെതിരെ ജോസ്.കെ.മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കുമെന്നും പി ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരെങ്കിലും കത്ത് കൊടുത്തെങ്കില്‍ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കേരളകോണ്‍ഗ്രസിന്റെ ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിച്ചുവെന്ന് കാണിച്ച് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സമവായം ആകുമുമ്പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അത് ശരിയായില്ല. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണം, റോഷി അഗസ്റ്റിന്‍ ആവശ്യമുന്നയിച്ചിരുന്നു.

Top