കോട്ടയം പിജെ ജോസഫ് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റി നാളെ തൊടുപുഴയില്‍ ചേരും. നാളെ കോട്ടയത്ത് ജോസ് കെ മാണിയും സംസ്ഥാന കമ്മറ്റി വിളിച്ചിട്ടുണ്ട്.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നോരുക്കങ്ങളാണ് പിജെ ജോസഫ് വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മറ്റിയുടെ പ്രധാന അജണ്ട. റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുക്കല്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് കത്തയക്കല്‍, തിയതി നിശ്ചയിക്കല്‍ തുടങ്ങിയവയാകും ചര്‍ച്ചക്കെത്തുക. എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എന്നിവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും കമ്മറ്റിയുടെ അജണ്ടയിലുണ്ട്.
അതേസമയം, ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ നാനൂറോളം പേര് പങ്കെടുത്തതിലാണ് ജോസ് പക്ഷത്തിന്റെ പ്രതീക്ഷ. അത്രയും പേരെ ഇത്തവണയും അണിനിരത്തുന്ന ശക്തിപ്രകടനമാകും ജോസ് പക്ഷം നാളെ ഉദ്ദേശിക്കുന്നത്.