തിരുവനന്തപുരം: ഇടുക്കി സീറ്റ് പിജെ ജോസഫിന് നല്‍കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കിയും വടകരയും മറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്നും പിജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന നടന്നിരുന്നു.
കോട്ടയം സീറ്റിന്റെ പേരില്‍ പി.ജെ ജോസഫും കൂടെയുള്ളവരും കേരള കോണ്‍ഗ്രസ് വിടുമെന്ന ഘട്ടത്തിലായിരുന്നു സമവായ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നത്. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കി പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്.
കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് പി.ജെ.ജോസഫ് ഉന്നയിച്ചിരുന്നത്.
കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി കൊണ്ട് ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ മാണി സീറ്റ് വിട്ട് തരുമെന്നായിരുന്നു ജോസഫ് പറഞ്ഞത്. അങ്ങനെ വന്നാല്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരുപോലെ സ്വീകാര്യനായ ഒരാളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോയാല്‍ അതിന് പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങളും ജോസഫ് മുന്നോട്ട് വെച്ചിരുന്നു.