മുല്ലപ്പെരിയാറില്‍ മണിയുടെ വാക്കെങ്കിലും സര്‍ക്കാര്‍ കേള്‍ക്കണം, മുഖ്യന്റെ മൗനം സങ്കടമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണമെന്ന് പി.ജെ ജോസഫ്. ജനങ്ങളുടെ ജീവന്‍ ആപത്തിലാണ്. മുല്ലപ്പെരിയാര്‍ ജല ബോംബാണെന്ന് എം.എം മണി പറഞ്ഞതെങ്കിലും സര്‍ക്കാര്‍ കേള്‍ക്കണം. മുഖ്യമന്ത്രി മൗനം തുടരുന്നത് സങ്കടകരമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നാണ് എം.എം. മണി എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞത്. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നിലനില്‍ക്കുകയാണ്. ശര്‍ക്കരയും ചുണ്ണാമ്പും കൊണ്ട് പണിത അണക്കെട്ടിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ടു കാര്യമില്ല. ഡാം അപകടാവസ്ഥയിലാണോയെന്ന് അറിയാന്‍ ഇനിയും തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും കേരളവും തമിഴ്‌നാടും ഒന്നിച്ചുനിന്നാലെ പരിഹാരം കണ്ടെത്താനാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top