ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല ; ജോസ് ടോമിന് രണ്ടില നല്‍കില്ലന്ന നിലപാടിലുറച്ച് ജോസഫ്

തൊടുപുഴ : ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് തന്നെ പി.ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കില്ലെന്നും ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ വഴി ജോസ് കെ. മാണിയെ അറിയിച്ചു.

ചൊവ്വാഴ്ച ചിഹ്ന തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തര്‍ക്കത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ വ്യക്തമാക്കിയിരുന്നു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ചിഹ്നമായി രണ്ടിലയും ആവശ്യപ്പെടും. ഇതിനൊപ്പം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മറ്റൊരു പത്രിക കൂടി നല്‍കും. ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

Top