മലപ്പുറം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണ്.
ജോലിയില്‍ നിന്ന് വിലക്കാന്‍ പി.എസ്.സിയും സര്‍ക്കാര്‍ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. പി.എസ്.സിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവരാരാണെന്നും ആ ഉത്തരവിന് പുല്ലു വില പോലും കാണുന്നില്ലെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ധാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാൻ കഴിയില്ല. ഈ നാട് ഭരിക്കുന്ന സർക്കാർ അനുവിനെ കൊന്നതാണ്. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിലാണ്.
പി.എസ്.സിയെ വിമർശിക്കുന്നവർക്ക് ജോലി നൽകില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയിൽ നിന്ന് വിലക്കാൻ പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമർശിക്കുന്നവർക്ക് എ.കെ.ജി സെന്ററിൽ ജോലി നൽകില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പി.എസ്.സിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങൾ കാണുന്നില്ല.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രതിഷേധമുയരട്ടെ…
#LDF_പോവും_എല്ലാം_ശരിയാവും