കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 116 അധ്യാപക തസ്തികകളിലേക്ക് സിപിഎം പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കും ശ്രമിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. സാധാരണ സര്‍വകലാശാല നിയമനങ്ങള്‍ നടത്തുമ്പോള്‍ പഴയ പട്ടിക നികത്തി ഏതൊക്കെ തസ്തികകളിലേക്ക് സംവരണമെന്ന് കൃത്യമായി പറഞ്ഞ് വിജ്ഞാപനമിറക്കാറാണുള്ളത്. എന്നാല്‍ സര്‍വകലാശാല മാര്‍ച്ച് നാലിന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇത്തരത്തില്‍ പഴയ പട്ടിക നികത്തേണ്ടതില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട ഫയലുകളും മാനുവലായിരിക്കണമെന്നുമാണ്.
2012 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോക്യുമെന്റുകള്‍ ഡിജിറ്റലൈസ്ഡാണ്. എന്നാല്‍ നിയമന ഉത്തരവും അതുമായി ബന്ധപ്പെട്ട ഫയലുകളും മാനുവലായിരിക്കണം എന്ന് പറയുന്നത് അഴിമതി നടത്താനാണെന്ന് വ്യക്തമാണെന്നും ഫിറോസ് ആരോപിച്ചു. കേരള സര്‍വകലാശാലയില്‍ 2008-ല്‍ നടന്ന നിയമന തട്ടിപ്പ് കേസ് എഴുതി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും ഫിറോസ് കൂട്ടിച്ചര്‍ത്തു.
മുസ്ലിങ്ങളടക്കമുള്ള പിന്നാക്ക സമുദായത്തിന് അര്‍ഹതപ്പെട്ട നിയമനങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഈത്തപ്പഴമല്ല മുസ്ലിം സമുദായമക്കടമുള്ളവര്‍ക്ക് വേണ്ടത്. അവകാശങ്ങള്‍ സംരക്ഷിക്കലാണ്. ഈത്തപ്പഴം കാണിച്ച് സമുദായത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. നിയമനങ്ങള്‍ പൂര്‍ണ്ണമായും പിഎസ്സിക്ക് വിടണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നുവെന്നും പി.കെ.ഫിറോസ് പറഞ്ഞു.