തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. മയക്കുമരുന്നു കേസുമായി ബന്ധമുള്ള വിദേശികള്‍ നല്‍കുന്ന കറന്‍സി മാറ്റിയെടുക്കുന്നതിനു വേണ്ടിയാണോ മണി എക്‌സ്‌ചേഞ്ചിംഗ് കമ്പനി ആരംഭിച്ചതെന്നു ബിനീഷ് വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
2015ല്‍ ബിനീഷ് ഒരു മണി എക്‌സ്‌ചേഞ്ച് കമ്പനി ബംഗളൂരുവില്‍ ആരംഭിച്ചിരുന്നു. ഗോവയില്‍ വിദേശികളുമായി ബന്ധപ്പെട്ടാണു മയക്കുമരുന്ന് കച്ചവടം നടന്നത്. 2015-ല്‍ ബിജെപിയുടെ ഭരണകാലത്താണ് ബിനീഷിന് ലൈസന്‍സ് ലഭിച്ചത്.
മണി എക്‌ചേഞ്ച് കമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. ഏതൊക്കെ വിദേശ കറന്‍സികളാണു ബിനീഷിന്റെ കമ്പനിയില്‍ ഇടപാട് നടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. ഇഡി അന്വേഷണം നടത്തിയാല്‍ എല്ലാ തെളിവുകളും കൈമാറാന്‍ യൂത്ത് ലീഗ് തയാറാണെന്നും ഫിറോസ് പറഞ്ഞു.
അനൂപ് മുഹമ്മദുമായി ബിനീഷ് ദീര്‍ഘനേരം സംസാരിച്ചെന്നു തെളിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് ഇപ്പോള്‍ വ്യക്തമായി. സ്വപ്ന സുരേഷ് ഇഡിക്കു നല്‍കിയ മൊഴിയില്‍ പറയുന്ന കമ്പനിയാണു യുഎഫ്എക്‌സ് സൊലൂഷന്‍സെന്നും ബിനീഷ് കോടിയേരിക്ക് ഈ ഇടപാടിലുള്ള പങ്ക് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.