പാലക്കാട്:തരൂരിലുള്‍പ്പടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പോര് കടുത്ത സാഹചര്യത്തില്‍ വിശദീകരണവുമായി എ കെ ബാലന്‍. തരൂരില്‍ പി കെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നായിരുന്നു ബാലന്റെ പ്രതികരണം. ഒരു സ്ഥാനാര്‍ത്ഥിയെയും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തേത് നിര്‍ദേശങ്ങള്‍ മാത്രമാണ്. പത്തിനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും മന്ത്രി വിശദീകരിച്ചു.
തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികളാണെന്നും ബാലന്‍ വിമര്‍ശിച്ചു. പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലങ്ങളായ തരൂരിലും കോങ്ങാടും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെയല്ല നിശ്ചയിച്ചിരിക്കുന്നതെന്ന് ഇതിനകം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. തരൂരില്‍ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഇടത് സമൂഹമാധ്യമ കൂട്ടായ്മകളിലുള്‍പ്പെടെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പട്ടികജാതിക്ഷേമ സമിതിസിപിഎം സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.ഇതോടൊപ്പം ഷൊര്‍ണൂര്‍, മലമ്പുഴ, ഒറ്റപ്പാലം, എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാളിച്ചയുണ്ടെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെ ആദ്യം മലമ്പുഴയില്‍ പരിഗണിച്ചിരുന്നു. പിന്നീട് പി കെ ശശിയെ മാറ്റി രാജേന്ദ്രന് ഷൊര്‍ണൂരും ശശിക്ക് ജില്ലാ സെക്രട്ടറി സ്ഥാനവും നല്‍കാനായിരുന്നു ധാരണ.
എന്നാല്‍ മുസ്ലീം പ്രാതിനിധ്യത്തിന്റെ പേരില്‍ അവസാന നിമിഷമാണ് ഷൊര്‍ണൂരില്‍ ജില്ല സെക്രട്ടേറിയേറ്റംഗം മമ്മിക്കുട്ടിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. ഇതോടെ സി കെ രാജേന്ദ്രന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. പി ഉണ്ണി, പി കെ ശശി, സി കെ രാജേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത് ബാലന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് എന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
സി കെ രാജേന്ദ്രന്‍ ഉള്‍പ്പെടെ, മാറ്റി നിര്‍ത്തപ്പെട്ട നേതാക്കള്‍ മത്സരിക്കണമെന്ന് ജില്ലാകമ്മിറ്റിയില്‍ ഭൂരിഭാഗം പ്രതിനിധികളും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ ജില്ലാകമ്മിറ്റിയോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി വോട്ടിംഗ് നടക്കാനും സാധ്യതയുണ്ട്.