തരൂര്‍ സീറ്റില്‍ നിന്ന് പി.കെ ജമീലയെ ഒഴിവാക്കി

തിരുവനന്തപുരം: പാലക്കാട്ടെ തരൂര്‍ സീറ്റില്‍ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നില്ലെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരില്‍ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം ജില്ലാ ഘടകം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അരുവിക്കരയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച ജി.സ്റ്റീഫനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. തര്‍ക്കം നിലനിന്ന പൊന്നാനിയിലും പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി.നന്ദകുമാറിനെ മത്സരിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം.

ഒറ്റപ്പാലം സീറ്റില്‍ സാധ്യത പട്ടികയിലുണ്ടായിരുന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ പേര് നേതൃത്വം വെട്ടി. ഇതോടെ ഒറ്റപ്പാലം സീറ്റ് പ്രേംകുമാര്‍ ഉറപ്പിച്ചു. ഷൊര്‍ണൂരില്‍ പി.പി.മമ്മിക്കുട്ടിയാവും സിപിഎം സ്ഥാനാര്‍ത്ഥി. അതേസമയം പാലക്കാട് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

കോഴിക്കോട് കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുന്‍ എംപി പി.സതീദേവിയേയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചിരുന്നുവെങ്കിലും കാനത്തില്‍ ജമീല മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതോടെ തര്‍ക്കം നിലനിന്ന നാല് സീറ്റുകളില്‍ മൂന്നെണ്ണത്തിലും പ്രാദേശികമായി എതിര്‍പ്പ് അവഗണിച്ച് സംസ്ഥാന നേതൃത്വം തന്നെ നിശ്ചയിച്ച ആളുകളാവും സ്ഥാനാര്‍ത്ഥിയാവുക.

 

Top